അടൂർ: ജനറൽ ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നാലുപേർക്കു പരിക്കേറ്റു. അടൂർ പാർഥസാരഥി ജംഗ്ഷന് വടക്ക് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
അടൂർ കൊന്നമങ്കര രേവതി നിവാസിൽ ജയലക്ഷ്മണൻ (67), മാങ്കുളം പാലക്കോട്ട് ഹൗസിൽ അമ്മാൾ തോമസ് (58), മങ്ങാട് ചരുവിളയിൽ പുത്തൻവീട്ടിൽ ഉഷാകുമാരി, അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ് വിദ്യാർഥി ചിരണിക്കൽ പുത്തൻവിളയിൽ ആർ. രശ്മി (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽനടയാത്രക്കാർക്കും ബസ് സ്റ്റോപ്പിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കാൻ നിന്നവർക്കുമാണ് പരിക്കേറ്റത്.